കേരളത്തിലെ ജയസാധ്യതയുള്ള ആറ് മണ്ഡലങ്ങളിൽ താമര വിരിയിക്കാൻ പ്രത്യേക പദ്ധതിയുമായി അമിത് ഷാ

ന്യൂഡൽഹി : രാജ്യത്ത്  ജയസാധ്യതയുള്ള 160 മണ്ഡലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുമുള്ള ആറു മണ്ഡലങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ബിജെപി  പ്രത്യേക പദ്ധതി തയാറാക്കുന്നു.തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിജയം ഉറപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നത്.

മണ്ഡലങ്ങളുടെ ഏകോപ്പനച്ചുമതല കേന്ദ്രമന്ത്രിമാർക്കാണ് നൽകിയിരിക്കുന്നത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനാണ് തിരുവന്തപുരം മണ്ഡലത്തിൻ്റെ ചുമതല. അമിത് ഷായുടെ മേൽനോട്ടത്തിലാണ് തൃശൂരിലെ പ്രവർത്തനം. ഇതിനായി ദേശീയ ഭാരവാഹികളുടെ സംഘത്തെ നിയോഗിക്കും. ക്രൈസ്തവ വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും പ്രത്യേക സംഘത്തെ നിയോഗിക്കും.

2019ൽ തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരൻ 3,16,142 വോട്ട് നേടി രണ്ടാമത് എത്തിയിരുന്നു.പത്തനംതിട്ടയിൽ മത്സരിച്ച സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 2,97,396 വോട്ട് നേടി  മൂന്നാം സ്ഥാനത്ത് ആയിരുന്നെങ്കിലും 13.50 ശതമാനം വോട്ടാണ് കൂടിയത്.
തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ബിജെപിയുടെ വോട്ടിൽ 17.05 ശതമാനം വർധനവുണ്ടായി. ബിഡിജെഎസിൻ്റെ സീറ്റായ മാവേലിക്കരയിൽ 13.75 ശതമാനം വോട്ട് വർധനയുണ്ടായി. ആറ്റിങ്ങലിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ 2,48,081 വോട്ട് ലഭിച്ചു. ഇവിടെ 14.43 ശതമാനം വോട്ടാണ് വർധിച്ചത്. പാലക്കാട് മത്സരിച്ച സി കൃഷ്ണകുമാറിന് 2,18,556 വോട്ടാണ് ലഭിച്ചത്. ഇവിടെ 6.44 ശതമാനം വോട്ട് വർധനയുണ്ടായി