ചാലക്കുടിയിലെ തീപിടിത്തത്തിൽ ഡാൻസ് വസ്ത്രങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനം കത്തിനശിച്ചു

തൃശൂർ: ചാലക്കുടിയിൽ വൻ തീപിടിത്തത്തിൽ ഡാൻസ് വസ്ത്രങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനം കത്തിനശിച്ചു. നഗരസഭ സൗത്ത് മുൻസിപ്പൽ ബസ് സ്റ്റാൻ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് ഡാൻസ് കളക്ഷനിലാണ് തീ പിടിച്ചത്.യുവജനോത്സവങ്ങൾ, സ്കൂൾ വാർഷികങ്ങൾ, കൂടാതെ ഉത്സവക്കാലവുമായത്തിനാൽ പുതിയ ഒരുപാട് വസ്ത്ര ശേഖരം കടയില്‍ ഒരുക്കിയിരുന്നു. തീ പിടുത്തത്തില്‍ അവയെല്ലാം കത്തിനശിച്ചു.

സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻ്റിലെ ഡ്രൈവർമാരാണ് രാവിലെ 6 മണിയോടെ സ്ഥാപനത്തിൽ നിന്ന്‌ പുക ഉയരുന്നത് കാണുന്നത്. ഉടന്‍ ചാലക്കുടി ഫയർഫോഴ്സിനെ വിവരമറിയച്ചു. ഫയര്‍ഫോഴ്സെത്തി രണ്ട് മണിക്കൂറിലധികം സമയത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് തീ പൂർണ്ണമായി അണച്ചത്.

മേലൂർ പുഷ്പഗിരി സ്വദേശി അഡ്വ.ജോർജ്ജിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമല്ല.