ഇതെന്താ സ്റ്റാലിന്‍റെ റഷ്യയോ? ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം.വിഡി സതീശൻ

കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംമ്പോ ട്രാവലറുകളില്‍ സിപിഎം ക്രിമിനല്‍ സംഘമാണ് യാത്ര ചെയ്യുന്നത്. ഇവരാണ് റോഡരികില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നത്.പ്രതികളെയും കുറ്റവാളികളെയും രക്ഷിച്ചെടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു.

മുഖ്യമന്ത്രി നല്‍കിയ ധൈര്യമാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മറൈന്‍ ഡ്രൈവില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ വന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പേപ്പട്ടിയെ പോലെയാണ് ഈ അക്രമിസംഘം തല്ലിച്ചതച്ചത്. ഞാന്‍ സിപിഎമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത തരത്തില്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി.

മന്ത്രിമാര്‍ക്കെതിരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുള്ള സിപിഎമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്‍റെ എഴുന്നള്ളത്താണ് ഇപ്പോള്‍ നടക്കുന്നത്. വഴിയരികില്‍ ആരും കാണാന്‍ പാടില്ലെന്ന തരത്തിലാണ് ആക്രമണം. ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം.സജി ചെറിയാനെ പോലുള്ള വായ പോയ കോടാലികളെ ഇറക്കി പിണറായി വിജയന്‍ വായില്‍ തോന്നുന്നത് പറയിപ്പിക്കുകയാണ്. പറവൂരില്‍ വന്ന് പ്രതിപക്ഷ നേതാവിനെതിരെ മന്ത്രിമാരെക്കൊണ്ട് സംസാരിപ്പിച്ചു. നാട്ടുകാരുടെ ചെലവില്‍ പ്രതിപക്ഷത്തെ അധിക്ഷേപിക്കാനും രാഷ്ട്രീയം പറയാനും തെരഞ്ഞെടുപ്പ് പ്രചരണം നടത്താനുമാണ് നവകേരള സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

നാട്ടുകാരുടെ ചെലവില്‍ സ്‌റ്റേജ് കെട്ടിയാണ് മുഖ്യമന്ത്രി രാഷ്ട്രീയം പറയുന്നത്. ഒരു പണിയുമില്ലാതെയാണ് മന്ത്രിമാര്‍ 44 ദിവസവും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരും മന്ത്രിമാരും ഇല്ലാതെ ഭരണസിരാകേന്ദ്രം അനാഥമായി. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഈ നാടകം നടത്തുന്നത്.സംസ്ഥാനത്തെ ട്രഷറി പൂട്ടിയിട്ടും ധനമന്ത്രി അശ്ലീല നാടകത്തിന് പിന്നാലെ നടക്കുകയാണ്.

ഇതെന്താ സ്റ്റാലിന്‍റെ റഷ്യയാണോ? ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സ്റ്റാലിന്‍റെ കാലത്തെ റഷ്യയാക്കി കേരളത്തെ മാറ്റാന്‍ പിണറായി വിജയന്‍ ശ്രമിച്ചാല്‍ അതിനെതിരെ ജനങ്ങള്‍ ശക്തിയായി പ്രതിഷേധിക്കും.പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.