മകളുടെ നിക്കാഹ് പന്തലിലേക്ക് എത്തിയത് വാപ്പയുടെ മയ്യിത്ത്

മലപ്പുറം: മകളുടെ നിക്കാഹ് ഇന്ന് നടക്കേണ്ടിയിരുന്ന നിക്കാഹ് പന്തലിലേക്ക് എത്തിയത് പിതാവിന്റെ മയ്യിത്തായത് ഒരു നാടിന്റെ വേദനയായി മാറി. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറായ അബ്ദുൽ മജീദ്.ഇന്നാണ് മകളുടെ നിക്കാഹ്. എന്നാൽ നിക്കാഹ് പന്തലിലേക്ക് എത്തിയത് അബ്ദുൽ മജീദിന്‍റെ ചേതനയറ്റ ശരീരമായിരുന്നു.

കഴിഞ്ഞ ദിവസം മഞ്ചേരിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് അബ്ദുൽ മജീദ് ഉൾപ്പടെ അഞ്ച് പേർ മരിച്ചത്.അപകടത്തിൽ മരിച്ച അഞ്ച് പേരുടെയും മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയിൽ പൊതുദർശനത്തിന് വെച്ചു.

മജീദിന്‍റെ കബറടക്കം രാവിലെ  മഞ്ചേരി സെന്റ്രൽ ജുമാ മസ്‌ജിദിലും മുഹ്സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാ മസ്‌ജിദിലും തസ്‌നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂർ ജുമാ മസ്‌ജിദിലും നടന്നു