കൊച്ചി: അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാന കണ്ണികളായ ആസാം സ്വദേശി രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരെ വടക്കേക്കര പൊലീസ് പിടികൂടി. പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കുട്ടികളേയും സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും ഗുവാഹത്തി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഇവരെ കൊണ്ടുവരാൻ പ്രത്യേക പൊലീസ് സംഘം ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു.
വടക്കേക്കര മച്ചാംതുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും മൂന്നിലും പഠിക്കുന്ന കുട്ടികൾ സ്‌കൂള്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുമ്പോഴാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. കുടുംബപരമായും സാമ്പത്തികമായും ഉള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംനാസിന്റെയും രഹാം അലിയുടെയും സഹായത്തോടെ സാഹിദ തട്ടിക്കൊണ്ടുപോയത്. ജഹദ് അലിയാണ് പണം മുടക്കി ഇവര്‍ക്ക് വിമാന ടിക്കറ്റെടുത്ത് എയര്‍പ്പോര്‍ട്ടിലെത്തിച്ചത്.
ജഹദ് കോഴിക്കടയിലെ തൊഴിലാളിയും റഹാം വെല്‍ഡറുമാണ്. വടക്കേക്കര പോലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതികളെ പിടികൂടാനും എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞുവെക്കാനും സാധിച്ചത്.