ഇന്ന് നവകേരള സദസിന് വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിൽ സമാപനം, കനത്ത സുരക്ഷയിൽ തലസ്ഥാനം

തിരുവനന്തപുരം : കഴിഞ്ഞ മാസം 18ന് കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും ആരംഭിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിവന്ന നവകേരള സദസ്സ് 35 ദിവസം പിന്നിട്ട് ഇന്ന് സമാപിക്കുന്നു. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ 5 മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും.പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പോലീസ് ഒരുക്കിയിട്ടുള്ളത്.

കടുത്തരാഷ്ട്രീയ എതിര്‍പ്പുകള്‍ക്കും വഴിനീളെയുള്ള പ്രതിഷേധത്തിനും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടയിലാണ് നവകേരള സദസ് ഇന്ന് സമാപിക്കുന്നത്.മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. വിവാദങ്ങളും പ്രതിഷേധങ്ങളും കൊണ്ട് നിറഞ്ഞ നവ കേരള സദസ് ഇന്ന് സമാപിക്കുമ്പോൾ സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പായോ ? ലഭിച്ച പരാതികളിൽ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ സാധിച്ചോ ? എത്ര പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി.?

നവകേരള സദസിന്‍റെ സമാപന ദിവസം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന മാര്‍ച്ച് പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നു തുടങ്ങും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കും. യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാ‍ർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

140 മണ്ഡലങ്ങളിലേയും പര്യടനം രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് കൂടി വന്നതോടെ ബഹിഷ്കരണം പ്രഖ്യാപിച്ചു. മന്ത്രിമാർ പരാതി നേരിട്ടു കേൾക്കുന്നില്ലെന്നും പരിഹാരം കാണുന്നില്ലെന്നും ശക്തമായ ആരോപണവും ഉയർന്നിരുന്നു.

കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മാറ്റിവച്ച പര്യടനം പൂർത്തിയാക്കും.