പ്രായത്തിനൊത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം,ഷാറൂഖ് ഖാൻ

ബോളി വുഡ് ബാദുഷ ഷാറൂഖ് ഖാന്റെ ഡങ്കി തിയറ്ററുകളിലെത്തിയിരിക്കുകയാണ്.സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രിയപ്പെട്ടവരിൽ നിന്ന് വേർപെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്. 2024 മാർച്ച്, ഏപ്രിലോട് കൂടി തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞ ഷാറൂഖ് തന്റെ പ്രായത്തിനൊത്ത കഥാപാത്രങ്ങൾ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

” പുതിയ ചിത്രം അടുത്ത വർഷം മാർച്ചിലോ ഏപ്രിലോ ആരംഭിക്കും. ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് പ്രായത്തിനൊത്ത കഥാപാത്രങ്ങൾ ചെയ്യാനാണ്. എനിക്ക് 58 വയസുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ എന്റെ പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങളാണ് ചെയ്തത്. ഇത് ബോധപൂർവമല്ല.പ്രായത്തിനൊത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം.

ഡങ്കിയിലെ കഥാപാത്രം എന്റെ പ്രായത്തോട് സത്യസന്ധത പുലർത്തിയതാണെന്ന് ഞാൻ പറയും ആ കഥാപാത്രത്തിന്റെ കൃത്യമായ പ്രായം എനിക്കറിയില്ല. ഏകദേശം 60, 65 വയസുണ്ടായിരിക്കണം. അത് എന്റെ പ്രായത്തോട് അടുത്തു നിൽക്കുന്നതാണ്. കഴിയുന്നത്ര യഥാർഥമായി ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും സുഖം തോന്നുന്നത് ഇത്തരത്തിൽ പ്രായത്തിനൊത്ത കഥാപാത്രങ്ങൾ ചെയ്യുന്നതാണ്. ഷാറൂഖ് ഖാൻ പറഞ്ഞു.