ഭർത്താവിന്റേയും ഭർതൃമാതാവിന്റെയും പീഡനം,യുവതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് ഭർത്താവിന്റേയും ഭർതൃമാതാവിന്റെയും പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തു.വണ്ടിത്തടം സ്വദേശി ഷഹന ഷാജി ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മരിച്ചത്. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.

ഭര്‍തൃ വീട്ടിലെ പീഡനം സഹിയ്ക്കാൻ കഴിയാതെ കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടിൽ താമസിച്ചിരുന്ന ഷഹനയോട് ചൊവ്വാഴ്ച ഭ‍ര്‍തൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭ‍ര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു.ഷഹന ഭർതൃവീട്ടിലേക്ക് പോകാൻ തയ്യാറാകാത്തതിനെ തുട‍ര്‍ന്ന് ഭര്‍ത്താവ് നൗഫൽ ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി ഭർതൃ വീട്ടിലേക്ക് കൊണ്ടുപോയി.

ഇതിന് പിന്നാലെ യുവതി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹന ജീവനൊടുക്കിയത് കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന്റെ ആഘാതത്തിലാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സാമ്പത്തികം കുറവായതിന്റെ പേരിൽ ഭർതൃ മാതാവ് പീഡിപ്പിച്ചിരുന്നുവെന്ന് ഷഹനയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു.യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടിൽ വെച്ച് മര്‍ദ്ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.