ഖത്തർ ചാരപ്രവൃത്തി ആരോപിച്ച എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി ജയിൽ ശിക്ഷയായി ഇളവ് ചെയ്തു

ദോഹ : ഖത്തർ കമ്പനിയിൽ ജോലി ചെയ്തിരുന്ന 8 ഇന്ത്യൻ നാവികര്‍ക്ക് ചാരപ്രവൃത്തി ആരോപിച്ച്‌ ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ച വധശിക്ഷ ഒഴിവാക്കി ജയിൽ ശിക്ഷയായി ഇളവ് ചെയ്തു ഖത്തർ അപ്പീല്‍ കോടതി. വിധിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (MEA) സ്വാഗതം ചെയ്തു.

അപ്പീൽ കോടതിയുടെ വിശദമായ വിധി ഇനിയും പുറത്തുവരാനുണ്ടെന്നും തുടർ നടപടികൾ തീരുമാനിക്കാൻ ലീഗൽ ടീമുമായും പ്രതികളുടെ കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എംഇഎ അറിയിച്ചു. കേസ് നടപടികളുടെ പ്രാധാന്യവും അതിന്‍റെ രഹസ്യസ്വഭാവവും കണക്കിലെടുത്ത് ഈ അവസരത്തിൽ കൂടുതൽ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും എംഇഎ വ്യക്തമാക്കി.

ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ സ്വകാര്യ കമ്പനിയായ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്ന കമ്പനിയാണ്.

2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങുകയും ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥനായ പൂര്‍ണേന്ദു തിവാരിയാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വീസസിന്‍റെ മാനേജിംഗ് ഡയറക്ടര്‍.

ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.

മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2022 ഓഗസ്റ്റ് മുതൽ നാവികർ ഖത്തറിൽ തടവിലാണ്. കോടതി ഉത്തരവ് പുറത്തുവിടാത്തതിനാൽ എത്ര കാലമാണ് ജയിൽ ശിക്ഷ എന്ന് വ്യക്തമായിട്ടില്ല.