ഷാർജയിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്,ഗാസിലെ ജനങ്ങളോട് ഐക്യദാർഢ്യം

ഷാർജ : ഇസ്രായേൽ -ഹമാസ് യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുതുവത്സരാഘോഷങ്ങൾക്കും വെടിക്കെട്ടിനും വിലക്ക് ഏർപ്പെടുത്തി ഷാർജ. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഷാർജ പോലീസ് അറിയിച്ചു.

അൽ മജാസ് വാട്ടർഫ്രണ്ടിന് മുകളിൽ മിനിറ്റുകളോളം നീണ്ടുനിൽക്കുന്ന വെടിക്കെട്ടോടെയാണ് ഷാർജ സാധാരണയായി പുതുവർഷത്തെ വരവേൽക്കാറുള്ളത്. ഇത്തവണയും നിരവധി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം നിലവിൽ മാറ്റിവെച്ചതായി പ്രഖ്യാപിച്ചു. ഷാർജയിലെ മ്ലീഹയിൽ നടത്താനിരുന്ന തൻവീർ സേക്രഡ് മ്യൂസിക് ഫെസ്റ്റിവലും അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

ഹമാസിനെ ഇല്ലാതാക്കുന്നത് വരെ സമാധാനം ഉണ്ടാകില്ല എന്നായിരുന്നു അടുത്തിടെ ഇസ്രായേലിന്റെ പ്രതികരണം. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഗാസയിൽ ഇതുവരെ 20,000ലേറെ ആളുകൾ കൊല്ലപ്പെട്ടു . ഇതിൽ എഴുപത് ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.