2024 ലെ ആദ്യ നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ

തിരുവനന്തപുരം : 2024 ലെ ആദ്യ നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ നടക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫെബ്രുവരി 5ന് അവതരിപ്പിക്കും.സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി 4ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുക. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച നടക്കും.

ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് സഭ വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാര്‍ച്ച് 1 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും. ഫെബ്രുവരി 15 മുതൽ 25 വരെ നിയമസഭ സമ്മേളിക്കില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ബലാബലത്തിന്‍റെ വേദി കൂടിയാകും ഈ നിയമസഭാ സമ്മേളനം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്‌. നയപ്രഖ്യാപന പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. നവ കേരള യാത്രയും പ്രതിഷേധങ്ങളും സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റുമടക്കം നിരവധി വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കും