മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

കോൺ​ഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ടിഎച്ച് മുസ്തഫ യൂത്ത് കോൺ​ഗ്രസ് പ്രവർത്തനങ്ങളിലൂടെ കോൺ​ഗ്രസിന്റെ നേതൃസ്ഥാനങ്ങളിലെത്തി. 1977ൽ ആലുവയിൽ നിന്ന് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തി. 1977 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും എംഎൽഎ ആയിരുന്നു. 1991 മുതൽ 1994 വരെ കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വർഷം ഡിസിസി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.