ഇടുക്കിയിൽ ഒഴിവായത് വൻ ദുരന്തം,നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഹോസ്റ്റൽ മതിലിൽ തട്ടിനിന്നു

ഇടുക്കി: നിയന്ത്രണംവിട്ടു താഴേക്ക് പതിച്ച കെഎസ്ആർടിസി ബസ് ഹോസ്റ്റൽ മതിലിൽ തട്ടിനിന്നതു വൻ ദുരന്തം ഒഴിവാക്കി. താഴ്ചയിലേക്ക് മറിഞ്ഞുണ്ടാകുമായിരുന്ന വൻ അപകടത്തിൽനിന്നാണ് രക്ഷപെട്ടത്.

കുമിളിയിൽനിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം നഷ്ടമായി റോഡില്‍ നിന്നും തെന്നിമാറി സംരക്ഷണ ഭിത്തിയില്‍ തങ്ങി നിൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

ബസിലെ യാത്രക്കാര്‍ക്ക് പരിക്കില്ല. ഫയര്‍ഫോഴ്സും പൊലീസും, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.