ഇനി താൻ പ്രതികരിക്കില്ല, ഉദ്യോഗസ്ഥർ സംസാരിക്കും .ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഇനിമേൽ താൻ പ്രതികരിക്കില്ലെന്നും ഉദ്യോഗസ്ഥർ സംസാരിക്കുമെന്നും തന്നെ ഉപദ്രവിക്കാൻ ചിലർക്ക് ഉദ്ദേശ്യമുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. താൻ ഇവർക്കാർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും വല്ലപ്പോഴും ഒരു സത്യം പറയുമെന്നും പറയുമ്പോൾ സത്യം മാത്രമേ പറയൂ എന്നും വൈദ്യുതി ബസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെബി ഗണേഷ് കുമാർ പ്രതികരിച്ചു.

ഇലക്ട്രിക് ബസ്സുകൾ നഷ്ടത്തിലല്ലെന്ന് കാണിക്കുന്ന രേഖകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. “ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല. എല്ലാം ഉദ്യോഗസ്ഥന്മാര്‍ അറിയിക്കും. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ,” ഗണേഷ് കുമാര്‍ പറഞ്ഞു.

കെഎസ്ആർടിസിയുടെ ഇ ബസ് പദ്ധതി ലാഭകരമല്ലെന്നും അത് നിർത്താനുള്ള തീരുമാനമെടുക്കുമെന്നും പ്രസ്താവിച്ച് മന്ത്രി രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെതിരെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് രംഗത്തെത്തി. സർക്കാരിന്റെ നയതീരുമാനത്തിന്റെ ഭാഗമായാണ് സർക്കുലർ സർവ്വീസ് തുടങ്ങിയതെന്നും അത് ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞതാണെന്നും വികെ പ്രശാന്ത് പറഞ്ഞു.

ഇതിനു പിന്നാലെ കൂടുതൽ ഇ ബസ്സുകൾ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ച്ര തിരുവനന്തപുരം മേയർ 60 ഇ ബസ്സുകൾ സർക്കാരിന് വാങ്ങി നൽകിയത് നഗരസഭയാണെന്ന്‌ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർ മന്ത്രി ഗണേഷ് കുമാറിന്റെ നിലപാടിനെ തള്ളിക്കളഞ്ഞതോടെ സര്‍ക്കാരിൽ മന്ത്രി ഒറ്റപ്പെട്ടു.