ചെന്നൈ: ഇന്‍റർസിറ്റി യാത്രകൾക്കായി വന്ദേ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്‍റർസിറ്റി യാത്രകൾക്കായി ഈ വർഷം മാർച്ചിൽ വന്ദേ മെട്രോ ട്രെയിനുകൾ പുറത്തിറക്കും.
പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഇന്‍റർ സിറ്റി ട്രെയിൻ സർവീസ് ഈ വർഷം മാർച്ചോടെ ആദ്യത്തെ പ്രോട്ടോടൈപ്പ് വന്ദേ മെട്രോ പുറത്തിറക്കും. ഐസിഎഫ് മാനജേർ മല്യ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളുടെ മിനി പതിപ്പെന്നോണമാണ് വന്ദേ മെട്രോ ട്രെയിനുകൾ പുറത്തിറങ്ങുന്നത്. വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളുമായാകും വന്ദേ മെട്രോയും ട്രാക്കിലിറങ്ങുക. പൂർണമായും ശീതികരിച്ച കോച്ചുകളോട് കൂടിയ ട്രെയിനിൽ ഓട്ടോമേറ്റഡ് വാതിലുകളുമുണ്ടാകും.
കഴിഞ്ഞവർഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേ മെട്രോ പദ്ധതി പ്രഖ്യാപിച്ചിരുന്നത്.300 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് വന്ദേ മെട്രോ ട്രെയിനുകൾ രൂപകൽപ്പന ചെയ്യുന്നത്. 250 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള റൂട്ടിലാകും ട്രെയിൻ സർവീസ് നടത്തുക. മെമു സർവീസുകൾക്ക് പകരമായാകും വന്ദേ മെട്രോ ട്രാക്കിലിറങ്ങുക.