വി.മുരളീധരനടക്കമുള്ള ഏഴു കേന്ദ്ര മന്ത്രിമാരും ലോക് സഭയിൽ മത്സരിച്ചു ജയിക്കണം, രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യില്ല

ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ കാലാവധി അവസാനിക്കുന്ന ഏഴ് കേന്ദ്ര മന്ത്രിമാരെയും വീണ്ടും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യില്ല. നിലവിൽ കാലാവധി അവസാനിക്കുന്ന 28 അംഗങ്ങളിൽ നാല് പേരെ മാത്രമാണ് ബിജെപി നിലനിർത്തുന്നത്. ഇതിൽ കാലാവധി അവസാനിക്കുന്ന 24 പേരോടും ലോക് സഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം ചോദിച്ചതായും റിപ്പോർട്ടുണ്ട്.

ഗുജറാത്തിൽ നിന്നും എത്തിയ ആരോഗ്യമന്ത്രി മൻസുഖ് മാൻഡവ്യ, മധ്യപ്രദേശിൽ നിന്നുമുള്ള വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാൻ, കർണാടകയിൽ നിന്നും എത്തിയ മലയാളി ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ഗുജറാത്തിലെ ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നീ ഏഴ് മന്ത്രിമാരെയാണ് വീണ്ടും പരിഗണിക്കാൻ സാധ്യതയില്ലാത്തത്.

ഇവർ ഏഴുപേരും ലോക് സഭയിലേക്ക് മത്സരിച്ചേക്കാനാണ് സാധ്യത.ബെംഗളൂരുവിലെ നാല് മണ്ഡലങ്ങളിൽ ഒന്നിൽ ചന്ദ്രശേഖറും കേരളത്തിൽ ആറ്റിങ്ങൽ നിന്നും വി മുരളീധരൻനും മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഫിഷറീസ് സഹമന്ത്രി എൽ മുരുഗനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ എത്തിയ അശോക് ചവാനും ബിജെപി അവസരം നൽകി. പാർട്ടി അധ്യക്ഷനായ ജെപി നദ്ദയെ ഒഴികെ മറ്റൊരാളേയും രണ്ടുവട്ടത്തിലധികം അവസരം നൽകിയിട്ടില്ല.