തിരുവനന്തപുരം: അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്ന് നടന് മൂന്നുതവണ നോട്ടീസ് അയച്ചിട്ടും മറുപടി നൽകാത്തതിനാലാണ് ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. ഇതിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അമിതവേഗതയിൽ രാത്രി സുരാജ് ഓടിച്ച വാഹനം തട്ടി ബൈക്കു യാത്രികനു പരിക്കുപറ്റിയതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്.മഞ്ചേരി സ്വദേശിയായ ശരത്തിന്റെ വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.ജൂലൈ 29നു രാത്രി കാരണക്കോടം റോഡിൽ വെച്ചാണ് സുരാജ് ഓടിച്ച വാഹനം ഇടിച്ച് ബൈക്കുകാരന് അപകടം ഉണ്ടാകുന്നത്. സംഭവത്തിന്റെ എഫ്ഐആർ പാലാരിവട്ടം പോലീസ് ആണ് മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്.
മോട്ടോർ വകുപ്പ് മൂന്നു തവണ രജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒ ക്ക് ലഭിച്ചിരുന്നു.എന്നാൽ യാതൊരു മറുപടിയും നടന്റെ ഭാഗത്തു നിന്നുണ്ടായില്ല.