രാജ്യസഭയിൽ ബിജെപി ഭൂരിപക്ഷത്തിലേയ്ക്ക് ഇഞ്ചിഞ്ചായി എത്തിക്കൊണ്ടിരിക്കുകയാണ്, നാലുപേരുടെ കുറവുമാത്രമാണ് ഇപ്പോഴുള്ളത്.ആലപ്പുഴയിൽ സിപിഐ(എം)ന്റെ പ്രതിനിധിയോ കോൺഗ്രസ്സിന്റെ പ്രതിനിധിയോ ജയിച്ചാൽ അത് ലോക്സഭയിൽ മോദി വിരുദ്ധ വോട്ടായിരിക്കും.ആലപ്പുഴയിൽ കോൺഗ്രസ് പ്രതിനിധി കെ.സി.വേണുഗോപാലാണ് ജയിക്കുന്നതെങ്കിൽ ബിജെപിക്ക് രാജ്യസഭയിൽ ഒരു വോട്ട് കൂടും.
ഏതൊരു രാഷ്ട്രീയപാർട്ടിക്കും അവരുടെ പ്രതിനിധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാനുള്ള സമ്പൂർണ്ണാവകാശമുണ്ട്. കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നതിനെ ഇങ്ങനെ കാണാൻ സാധാരണഗതിയിൽ കഴിയേണ്ടതാണ്. എന്നാൽ രാജസ്ഥാനിലെ പ്രതിനിധിയായി രാജ്യസഭയിൽ 2 വർഷം കൂടി കാലാവധി ബാക്കിയുള്ള കെ.സി.വേണുഗോപാൽ ലോക്സഭയിൽ മത്സരരംഗത്തുവരുമ്പോൾ അതിന്റെ ഗുണഭോക്താവ് ആരായിരിക്കുമെന്ന ചോദ്യം മതനിരപേക്ഷവിശ്വാസികളുടെ കർണ്ണപുടത്തിൽ ശക്തിയായി പതിക്കുന്നുണ്ട്.
വർഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരേയുള്ള പോരാട്ടത്തിൽ കോൺഗ്രസ് എവിടെ നിൽക്കുന്നു എന്ന് മലയാളികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഒരു വിഷയമാണിത്. ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കുന്ന ഒരു നേട്ടത്തെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ചിന്തിക്കാതാണോ കോൺഗ്രസ് നേതൃത്വം ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന് ഓർക്കുമ്പോഴാണ് മതനിരപേക്ഷ വിശ്വാസികൾക്കു നടുക്കമുണ്ടാവുക.
രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാൻ കോപ്പുകൂട്ടുന്ന ബിജെപിക്ക് ഉപരിസഭയിലെ ഭൂരിപക്ഷം എല്ലാക്കാലത്തും ഒരു വിഷയമായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം അപ്പാടേ ചോർത്തിക്കളയുന്ന മണ്ഡല പുനർനിർണ്ണയം ഉൾപ്പെടെയുള്ള ആയുധങ്ങൾ തേച്ചുമിനുക്കുന്ന ബിജെപി രാജ്യസഭയിലെ ഭൂരിപക്ഷത്തിൽ കണ്ണുനട്ടിരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.രാജസ്ഥാനിൽ ഒരു രാജ്യസഭാസീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു നടക്കുമ്പോൾ ആ സംസ്ഥാനത്തു ഭൂരിപക്ഷമുള്ള പാർട്ടിയായ ബിജെപിക്ക് അത് സ്വാഭാവികമായി ലഭിക്കും. തങ്ങളുടെ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള അടുത്ത ഘട്ടത്തെക്കുറിച്ചു ചിന്തിക്കുന്ന ബിജെപിക്ക് സന്തോഷിക്കാൻ ഇതിൽപ്പരം വലിയ ഒരവസരം വേറേയുണ്ടോ?
ഒരു തെരഞ്ഞെടുപ്പിന്റെ വൈകാരിക വിജയത്തിൽ നമ്മുടെ ജനാധിപത്യത്തിന്റ സ്വഭാവം മാറിമറിയാതിരിക്കാൻ ഭരണഘടനാശില്പികൾ ബോധപൂർവ്വം വ്യവസ്ഥചെയ്തു രൂപീകരിച്ച ഉപരിസഭയായ രാജ്യസഭ എത്രകണ്ടു പ്രധാനപ്പെട്ടതാണ് എന്നതു ആലപ്പുഴയിലെ വോട്ടർമാർ ആലോചിക്കേണ്ട വിഷയം തന്നെയാണ്.
ജോൺ ബ്രിട്ടാസ്