ഗന്ധർവനാണെന്ന് ധരിപ്പിച്ച് സുഹൃത്തിന്റെ അമ്മയെ പല തവണ പീഡിപ്പിച്ചു

കട്ടപ്പന : ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി നിധീഷിനെതിരെ ബലാത്സംഗത്തിനും കേസ്. ഗന്ധർവനാണു വരുന്നതെന്ന് തെറ്റിധരിപ്പിച്ച് സുഹൃത്തിന്റെ അമ്മയെ പല തവണ പീഡനത്തിനിരയാക്കി.2016ന് ശേഷം പല തവണ, സുഹൃത്തിന്റെ അമ്മയെ പീഡിപ്പിച്ചതായി നിധീഷ് പോലീസിന് മൊഴി നൽകി. പൂജയുടെ ഭാഗമായി ഗന്ധർവ്വൻ വരുന്നെന്ന് തെറ്റിധരിപ്പിച്ചായിരുന്നു പീഡനം. സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്.

മുഖ്യ പ്രതികളായ നിധീഷിനേയും വിഷ്ണുവിനേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ബലാത്സംഗം നടന്ന വിവരം പുറത്തറിയുന്നത്.വർഷങ്ങൾക്ക് മുൻപ് വിജയന്റെ വീട്ടിൽ എത്തിയ നിധീഷ്, വീട്ടുകാരെ തന്റെ അടിമകളാക്കുകയായിരുന്നു. ഇതിനായി പല പൂജകളും ആഭിചാരക്രിയകളും ഇയാൾ ചെയ്തിരുന്നു. ഗന്ധർവ്വൻ കത്തെഴുതുന്നു എന്ന് വിശ്വസിപ്പിക്കാൻ ഇയാൾ സ്വയം കത്തെഴുതി വീടിന്റെ പല ഭാഗത്ത് വെച്ചിരുന്നു. മറ്റ് പല കുറ്റങ്ങളും ഇയാൾ ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

വർഷങ്ങളായി കട്ടപ്പനയിൽ നടന്ന പല മോഷണങ്ങളും നടത്തിയിരുന്നത് നിധീഷും വിഷ്ണുവും ചേർന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രി സാധനങ്ങളാണ് ഇവർ പതിവായി മോഷ്ടിച്ചിരുന്നത്.ഇതോടൊപ്പം കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നും കമ്പിയും മണലും മോഷ്ടിച്ചതിനും ഇരുവർക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നിധീഷിനേയും വിഷ്ണുവിനേയും റിമാൻഡ് ചെയ്തു.