വാരണാസിയില്‍ മോദിയുടെ എതിരാളിയായി ഉത്തര്‍പ്രദേശ് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ് മത്സരിക്കും

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തി കേന്ദ്രമായ വാരണാസി മണ്ഡലത്തില്‍ ഉത്തര്‍പ്രദേശ് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ് മത്സരിക്കും.ഉത്തര്‍പ്രദേശിലെ 8 സീറ്റുകള്‍ ഉള്‍പ്പെടെ ആകെ 46 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി.മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിൻ്റെ മകൻ കാർത്തി പി ചിദംബരം കരൂർ മണ്ഡലത്തിലും എസ് ജോതിമണി ശിവഗംഗ മണ്ഡലത്തിലും ജനവിധി തേടും.

രാജ്‌ഘഡിൽ ദിഗ്വിജയ് സിംഗ്, സഹരൻപൂരിൽ ഇമ്രാൻ മസൂദ്, ഹരിദ്വാറിൽ വീരേന്ദർ റാവത്ത്, അംരോഹയിൽ ഡാനിഷ് അലി എന്നിവരും കോൺ​ഗ്രസിനായി മത്സരിക്കും.ജനാധിപത്യം ഭീഷണിയിലാണെന്ന് പറഞ്ഞ് 2019ൽ സർക്കാർ സർവീസ് ഉപേക്ഷിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിൽ തിരുവള്ളൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കും.

തമിഴ്‌നാട്ടിലെ ഒമ്പത് സീറ്റുകളിൽ ഏഴിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ 18 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 19 നാണ് സിക്കിമിലെ 32 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക