തിഹാർ ജയിൽ നമ്പർ രണ്ടിലെ ജനറൽ വാർഡ്, യോഗയും ധ്യാനവുമായി കെജ്‌രിവാൾ

ഡൽഹി : തിഹാറിലെ ജയിൽ നമ്പർ രണ്ടിലെ ജനറൽ വാർഡ് നമ്പർ മൂന്നിൽ സ്ഥിതി ചെയ്യുന്ന 14×8 അടി മുറിയിലാണ് കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുകയും യോഗ ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ കെജ്രിവാൾ എഴുത്തിലും സജീവമാണ്.സെല്ലിൽ പുസ്തകങ്ങൾ വായിക്കുന്നതിനും യോഗ ചെയ്യുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്.

15 ദിവസത്തേക്ക് റൗസ് അവന്യു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് കെജ്രിവാളിനെ ഏപ്രിൽ ഒന്നിന് തീഹാർ ജയിയിലേക്ക് എത്തിച്ചത്. അതിരാവിലെ ഉണരുകയും തൻ്റെ സെൽ തൂത്തുവാരുകയും ചെയ്തു കൊണ്ടാണ് ദിനചര്യകൾ തുടങ്ങുന്നത്. പിന്നീട് വരാന്തയിലുള്ള ടിവി കണ്ടു നിൽക്കുമെന്നും റിപ്പോർട്ട്.ഹാളിലെ ടിവി കണ്ടതിന് ശേഷം യോഗ ചെയ്യും. പിന്നീട് പ്രഭാതഭക്ഷണം കഴിക്കും. രണ്ട് കഷ്ണം ബ്രെഡും ചായയുമാണ് ആ​ഹാരം. അതിന് ശേഷം പരിസരത്ത് നടക്കുമെന്നും ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

കെജ്രിവാളിനെ ജയിലിനുള്ളിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നതായി തോന്നുമെന്നും ഇത്തിരി അന്ധാളിപ്പിലും ആശയക്കുഴപ്പത്തിലുമാണ് കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാരം, രക്തസമ്മർദ്ദം, ഷു​ഗർ എന്നിവ ദിവസവും രണ്ടുതവണ ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്.ബിപിയും ഷുഗറും നിയന്ത്രണത്തിലാണ്. ശരീര ഭാരം 65 കിലോയാണ്. ഭാരം ഇതുവരെ കുറഞ്ഞിട്ടില്ലെന്നും ദില്ലി മുഖ്യമന്ത്രി പൂർണമായും സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

സെൽ വൃത്തിയാക്കാൻ എല്ലാ തടവുകാർക്കും നൽകിയ പോലെ തന്നെ കെജ്രിവാളിനും ഒരു ചൂലും ബക്കറ്റും ഒരു തുണിയും നൽകിയിട്ടുണ്ട്.സെല്ലിന് പുറത്ത് നടക്കാൻ അനുവാദമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് അനുവദനീയമല്ല. മറ്റ് തടവുകാരുമായി സംസാരിക്കാനും കഴിയില്ല.