സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ച നിലയിൽ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ മരിച്ചനിലയിൽ. കേസിലെ പതിനൊന്നാം പ്രതി വി ആദിത്യന്റെ പിതാവ് പന്തിരിക്കര പുതിയോട്ടുംകര പി കെ വിജയനെ (55) ആണ് ഇന്ന് രാവിലെ  വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഫെബ്രുവരി 18നാണ് ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമർദനമാണ് സിദ്ധാർത്ഥന് ഏൽക്കേണ്ടിവന്നത്. പൊലീസ് എഫ്ഐആറിൽ 20 പ്രതികളാണുള്ളത്. എന്നാൽ ഇവർക്ക് പുറമെ കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് അടുത്തിടെ കേസ് ഏറ്റെടുത്ത സി ബി ഐയുടെ എഫ്ഐആറിൽ പറയുന്നത്.

അന്വേഷണ സംഘം കഴിഞ്ഞ ദിവസം സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശിന്റെ മൊഴിയെടുത്തിരുന്നു.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിള്ളപ്പെരുവണ്ണ ഗവ. എൽ പി സ്‌കൂളിലെ അധ്യാപകനാണ് വിജയൻ. ഭാര്യ മേരി മിറാൻഡ ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയാണ്.