തിഹാര്‍ ജയിലില്‍ കഴിയുന്ന PFI മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് പരോള്‍

ന്യൂഡൽഹി : വാഹനാപകടത്തില്‍ മരണപ്പെട്ട മകള്‍ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് മൂന്നുദിവസത്തെ പരോള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയായ മഞ്ചേരി പാലക്കുളം സ്വദേശിനി ഫാത്തിമ തസ്‌കിയ(24) ഇന്നലെ രാത്രി 10ഓടെ കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.

മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഒന്നരവര്‍ഷത്തിലേറെയായി ഒഎംഎ സലാം തിഹാർ ജയിലിലാണ്.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതിനു മുന്നോടിയായി നടത്തിയ റെയ്ഡിലാണ് അന്നത്തെ ചെയര്‍മാന്‍ കൂടിയായ ഒഎംഎ സലാമിനെ എന്‍ ഐഎ സംഘം അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്.