ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് ബെം​ഗളൂരു വീഴ്ത്തി

ബെം​ഗളൂരു: അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് ബെം​ഗളൂരു വീഴ്ത്തിയതോടെ ഐപിഎൽ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് റോയൽ ചലഞ്ചേഴ്സ് കടന്നു.കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് പിന്നാലെ ബെം​ഗളൂരുവും പ്ലേഓഫ് ടിക്കറ്റ് സ്വന്തമാക്കി.

അവസാന ഓവറുകളിൽ ധോണിയും ജഡേജയും തകർപ്പൻ പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറിൽ ധോണി പുറത്തായതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.ആർസിബി ഉയ‌ർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു.റൺറേറ്റിൻ്റെ വ്യത്യാസത്തിലാണ് ചെന്നൈയെ മറികടന്ന് ആർസിബി നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് എത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആദ്യ പന്തിൽ തന്നെ നായകൻ റുതുരാജ് ​ഗെയ്ക്വാദിൻ്റെ വിക്കറ്റ് നഷ്ടമായി.ഡാരൽ മിച്ചലിനും (4) മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും രഹാനെയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും 66 റൺസ് നേടുകയും ചെയ്തു.ബാറ്റ്സ്മാൻമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് ചെന്നൈയെ തോൽവിയിലേക്ക് നയിച്ചു.