മഴക്കെടുതി രൂക്ഷമാകുന്നു: മുന്‍കരുതല്‍ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കർശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറുപേർ മരിച്ചതായും ഒരാളെ കാണാതായതായും അഞ്ച് വീടുകൾ പൂർണമായും തകർന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് അദ്ദേഹം ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വൈകീട്ട് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിവിധ സേനാംഗങ്ങൾ പങ്കെടുത്തു. തെക്കൻ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാളെയോടെ വടക്കൻ കേരളത്തിലേക്കും ഇത് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.