കൊച്ചി: സീന ഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് പൊലീസ്.
നാട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്നുവെന്നും അതിനുശേഷം പത്തുപവനോളം ആഭരണങ്ങള്‍ കാണാനില്ലെന്നുമായിരുന്നു പൊലീസിനെതിരെ അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന പരാതി നല്‍കിയത്. ഈ ആരോപണമാണ് പൊലീസ് നിഷേധിച്ചിരിക്കുന്നത്.
നാലു വര്‍ഷമായി വാടകയ്ക്കു നല്‍കിയിരിക്കുന്ന വീട്ടില്‍ ഉടമ സ്വര്‍ണം സൂക്ഷിച്ചിരുന്നുവെന്ന വാദം യുക്തിക്കു നിരക്കാത്തതാണെന്ന് പൊലീസ് വിശദീകരിച്ചു. പൊലീസ് അന്വേഷിക്കുന്ന ലഹരി കച്ചവടക്കാരും ക്വട്ടേഷന്‍ സംഘാംഗങ്ങളും ഈ വാടകവീട്ടില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ സിഗ്‌നല്‍ പരിശോധിച്ചാണ് വീട്ടില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു
വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അയല്‍വാസികളെയും വാടകവീടിന്റെ കെയര്‍ടേക്കറായ വീട്ടമ്മയെയും വിളിച്ചു വരുത്തിയ ശേഷം അന്വേഷിക്കുന്നവരില്‍ ചിലരുടെ ഫോട്ടോ കാണിച്ചു. ഇതോടെ അവിടത്തെ താമസക്കാര്‍ പൊലീസ് അന്വേഷിക്കുന്നവര്‍ തന്നെയാണെന്നു വ്യക്തമായി. വീടിന്റെ താക്കോല്‍ വാടകക്കാരുടെ പക്കലാണെന്നു കെയര്‍ടേക്കര്‍ പറഞ്ഞതോടെ വീടിന്റെ പിന്നിലെ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന് അകത്തു കയറുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ആളുകളോ മാരകായുധങ്ങളോ ലഹരി മരുന്നോ ഉണ്ടോയെന്നു പരിശോധിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അത്തരം വസ്തുക്കളൊന്നും ലഭിച്ചില്ല. വാടകച്ചീട്ടില്‍ പറയുന്ന വീട്ടുസാമ ഗ്രികളില്‍ ഒന്നു പോലും നഷ്ടമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.