മകനെ ജർമനിയിലേക്ക് യാത്രയാക്കി മടങ്ങിയ പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

ഓമശ്ശേരി: മകനെ ജർമനിയിലേക്ക് യാത്രയാക്കിയ ശേഷം തിരുവനന്തപുരത്തു നിന്ന് ബത്തേരിയിലേക്കുള്ള മടക്കയാത്രയിൽ കാർ അപകടത്തിൽപെട്ട് വ്യാപാരി മരിച്ചു. വ്യാപാരിയും മാനന്തവാടി എക്സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയിൽ പി.വി. മത്തായിയാണ് (65) മരിച്ചത്.
കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ താഴെ ഓമശ്ശേരിക്കടുത്തായിരുന്നു അപകടം നടന്നത്. ഇന്നലെ പുലർച്ച നാലു മണിക്കായിരുന്നു അപകടം. ഓവുചാൽ മൂടുന്നതിന് ഇറക്കിവെച്ച സ്ലാബിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ മത്തായിയുടെ സഹോദരി ലിജി, ഡ്രൈവർ ജോർജ് എന്നിവർക്ക് പരിക്കേറ്റു.
സുൽത്താൻ ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ്, യാക്കോബായ ഭദ്രാസന കൗൺസിൽ അംഗം, മലങ്കര യാക്കോബായ ചർച്ച് മുൻ ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മൃത​ദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സലോമി. മക്കൾ: ബബിൽ മാത്യു (ലണ്ടൻ), പോൾ മാത്യു (ജർമനി). സഹോദരങ്ങൾ: കുര്യക്കോസ്, ഷാജി, മേരി, ലിസി, ലീന, ലിജി, പരേതയായ ചിന്നമ്മ.