ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്രന്യൂനമര്‍ദ്ദം, കനത്ത മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. അതേസമയം അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമോ ചക്രവാതച്ചുഴിയോ ആയി മാറിയേക്കും.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ന്യൂനമര്‍ദ്ദത്തിന്റ ഫലമായി ജില്ലകളില്‍ ഇന്നലെയും ശക്തമായ മഴ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും ഇന്ന് മഴ ലഭിക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് പുതുച്ചേരിയുടെ വടക്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിലേക്ക് തീങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബികടലില്‍ ന്യൂനമര്‍ദ്ദം / ചക്രവാതച്ചുഴിയായി പ്രവേശിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.