ഫ്ലോറിഡ: 2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024′ എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികള്‍ കഴിഞ്ഞ ദിവസം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു.
അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥിത്വമെന്ന് ഫ്ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും”- അദ്ദേഹം പറഞ്ഞു.
ഒരാഴ്ചമുമ്പ് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ട്രംപ് തെരഞ്ഞെടുത്ത ദുര്‍ബലരായ സ്ഥാനാർഥികളാണ് പരാജയകാരണം എന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ട്.ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടാണ് ട്രംപ് ഇത്രയും നേരത്തെ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ജനകീയനായ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും, ട്രംപ് ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമെല്ലാം സ്ഥാനാര്‍ത്ഥിത്വത്തില്‍ വെല്ലുവിളിയാവുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നുണ്ട്.