വൈക്കം: മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഡനത്തെ തുടർന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വൈക്കം തോട്ടകം തയ്യിൽ രാജുവിന്റെ ഭാര്യ സുനില (58)യാണ് മരിച്ചത്.
രണ്ടാഴ്ച മുമ്പ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് സുനില എടുത്ത വായ്പ ഒരു തവണ മുടങ്ങിയിരുന്നു. പതിവായി വായ്പ തുക നൽകിയിരുന്ന സുനിതയുടെ ഒരു തവണത്തെ വായ്പ തുക മുടങ്ങിയതിന്റെ പേരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വായ്പയെടുത്ത 20 അംഗ വനിതാ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളെക്കൂട്ടി സുനിതയുടെ വീട്ടിലെത്തി വാക്കുതർക്കമുണ്ടാക്കി സംഘർഷത്തിന്റെ വക്കോളമെത്തിച്ചതായി സുനിതയുടെ ബന്ധുക്കൾ പറയുന്നു.
തുടർന്ന്, അപമാനഭാരത്താൽ സുനില പച്ചക്കറികൾക്കും ചെടികൾക്കും തളിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന സുനില ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു.
മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.