ജിഹാദി ലേഖനമോ സാഹിത്യമോ കയ്യില്‍ വെച്ചതുകൊണ്ട് കുറ്റവാളിയാകില്ല: ഡല്‍ഹി കോടതി

ഡല്‍ഹി: ജിഹാദി ലേഖനമോ സമാനമായ ആശയം ഉള്‍ക്കൊള്ളുന്ന സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ഡല്‍ഹി കോടതി.

ഇവ ഉപയോഗിച്ച്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാവും കുറ്റകൃത്യമായി പരിഗണിക്കാനാവുക എന്ന് ഡല്‍ഹി കോടതി വ്യക്തമാക്കി.

എന്‍ഐഎ 11 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസില്‍ ഡല്‍ഹി സെഷന്‍സ് ജഡ്ജി ധര്‍മേശ് ശര്‍മയുടേതാണ് നിരീക്ഷണം. പ്രത്യേക മത വിഭാഗത്തിന്‍റെ ആശയം ഉള്‍ക്കൊള്ളുന്ന ലേഖനമോ സാഹിത്യമോ കൈവശം വച്ച്‌ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് തെളിവില്ലാതെ വന്നാല്‍ പിന്നെയത് കുറ്റമല്ലെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച്‌ ലഭിക്കുന്ന സ്വാതന്ത്യത്തിനും അവകാശങ്ങള്‍ക്കും എതിരാണ് ഇത്തരം നീക്കം. ഐഎസില്‍ ചേരാനുള്ള നീക്കത്തിലായിരുന്നു ആരോപണ വിധേയരായവര്‍ എന്ന വാദവും കോടതി തള്ളി. സ്ലീപ്പര്‍ സെല്ലുകളായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

11 പേര്‍ക്കെതിരെ എന്‍ഐഎ യുഎപിഎ ചുമത്തിയ കേസ് ആണ് കോടതി പരിഗണിച്ചത്. ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഐഎസ് ആശയ പ്രചാരണം നടത്തിയെന്നുമുള്ള കുറ്റങ്ങളാണ് എന്‍ഐഎ ഇവര്‍ക്കെതിരെ ചുമത്തിയത്.