കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ഷിംലയില്‍ നടന്ന ചടങ്ങില്‍ പത്ത് ഉറപ്പുകള്‍ അടങ്ങുന്ന പ്രകടന പത്രികയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയത്. അതേസമയം, കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ 13 പേർ പാർട്ടി കുടുംബത്തിൽ നിന്നുള്ളവരാണ്.

ആറു തവണ ഹിമാചൽ മുഖ്യമന്ത്രിയായ വീർഭദ്ര സിങ്ങിന്‍റെ മകനും ഷിംല റൂറൽ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയുമായ വിക്രമാദിത്യ സിങ്, മുൻ മുഖ്യമന്ത്രി റാംലാൽ താക്കൂറിന്‍റെ മകൻ റോഹിത് താക്കൂർ (ജുബൽ-കോത്തകൈ), കൗൾ സിങ് താക്കൂറിന്‍റെ മകൻ ചമ്പ താക്കൂർ (മാണ്ഡി), മുൻ മന്ത്രി പണ്ഡിറ്റ് ശാന്ത് റാമിന്‍റെ മകൻ സുധീർ ശർമ (ധർമ്മശാല), മുൻ നിയമസഭ സ്പീക്കർ ബ്രിജ് ബിഹാരി ലാൽ ബുറ്റൈലിന്‍റെ മകൻ ആശിഷ് ബുറ്റൈൽ (പലാംപൂർ), എന്നിവർ ഉണ്ട്.

കൂടാതെ, മുൻ മന്ത്രി ജി.എസ് ബാലിയുടെ മകൻ രഘുവീർ സിങ് ബാലി (നഗ്രോത ഭഗവാൻ), മുൻ എം.പി കെ.ഡി സുൽത്താൻപുരിയുടെ മകൻ വിനോജ് സുൽത്താൻപുരി (കസൗലി), മുൻ മന്ത്രി സാത് മഹാജന്‍റെ കൻ അജയ് മഹാജൻ (നുർപൂർ), മുൻ എം.എൽ.എ ഷേർ സിങ് താക്കൂറിന്‍റെ സഹോദരൻ സോഹൻ ലാൽ താക്കൂർ (ഭവാനി) എന്നിവരാണ് പാർട്ടി കുടുംബങ്ങളിൽ നിന്നുള്ളവർ. ഹിമാചലിൽ നവംബർ 12നാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.