കുർബാനയ്ക്കെത്തിയത് 111 രാജ്യക്കാർ; ബഹ്റൈനിൽ സ്നേഹസന്ദേശം പകർന്ന് മാർപാപ്പ…

മനാമ ∙ ‘തിന്മയെ നന്മകൊണ്ട് നേരിടുക, ശത്രുക്കളെ സ്നേഹം കൊണ്ട് ജയിക്കുക’ എന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ ബഹ്റൈന്റെ മണ്ണിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുർബാന അർപ്പിച്ചു. നാഷനൽ സ്റ്റേഡിയത്തിൽ നടന്ന കുർബാനയിൽ 111 രാജ്യങ്ങളിൽ നിന്നുള്ള 28,000 വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ മലയാളവും തമിഴും ഹിന്ദിയും ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രാർഥന മുഴങ്ങി.
സ്നേഹിക്കാനുള്ള കഴിവാണ് ക്രിസ്തു നൽകിയ ഏറ്റവും വലിയ സമ്മാനമെന്നു മാർപാപ്പ പറഞ്ഞു. ക്രിസ്തു സ്നേഹിച്ചതു പോലെ, ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കണം. അത് സുഖസന്തോഷങ്ങളിൽ മാത്രമല്ല, ഏത് അവസ്ഥയിലും സാധ്യമാകണം. കണ്ണിനു കണ്ണും പല്ലിനു പല്ലും എന്ന ചിന്ത മാറണം. സമത്വ – സാഹോദര്യ സമൂഹത്തിനായി പ്രവർത്തിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. സ്നേഹിക്കുന്നവരെ മാത്രമല്ല ശത്രുക്കളെയും സ്നേഹിക്കണം. അപ്പോഴാണു ഭൂമിയിൽ സ്വർഗരാജ്യം വരികയെന്നും ഓർമിപ്പിച്ചു.
വടക്കൻ അറേബ്യ അപ്പോസ്തോലിക് വികാരിയറ്റ് അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ മാർപാപ്പയ്ക്ക് കാസ സമ്മാനിച്ചു. പ്രാദേശിക സമയം എട്ടരയ്ക്ക് ആരംഭിച്ച കുർബാനയ്ക്കായി പുലർച്ചെ 2 മുതൽ വിശ്വാസികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. മുട്ടുവേദനയെ തുടർന്ന് കൂടുതൽ സമയവും ഇരുന്നുകൊണ്ട് കുർബാന അർപ്പിച്ച മാർപാപ്പ, വിശ്വാസികൾക്കടുത്തേക്കുള്ള യാത്രയും ഒഴിവാക്കി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവർ കുർബാനയിൽ പങ്കെടുത്തു. നാലു ദിവസത്തെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്ന് മടങ്ങും.