യൂണിഫോം ആൻഡ് ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് ഫെയർ: വേദിയാകാനൊരുങ്ങി തെലങ്കാന

ദേശീയ യൂണിഫോം ആൻഡ് ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് ഫെയറിന് ഉടൻ തിരിതെളിയും. ഡിസംബർ ഏഴ് മുതലാണ് ഫെയർ ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫെയർ ഡിസംബർ ഒമ്പതിനാണ് സമാപിക്കുക. അഞ്ചാമത് ദേശീയ യൂണിഫോം ആൻഡ് ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് ഫെയറിന് ഇത്തവണ നടക്കുന്നത് തെലങ്കാന ഹൈടെക്സ് കൺവെൻഷൻ സെന്ററിലാണ്. മേളയുടെ ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് നിർവഹിച്ചത്.

ഇത്തവണ പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് മേളയുടെ ഭാഗമാകാൻ തെലങ്കാനയിലേക്ക് എത്തുക. 200- ലധികം യൂണിഫോം നിർമ്മാതാക്കൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, 4,000- ലധികം ഫാബ്രിക് ഡിസൈനുകളും, 20,000- ലധികം യൂണിഫോം ഡിസൈനുകളും മേളയുടെ ഭാഗമാകും. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഡിസൈനുകൾക്ക് മേളയിലൂടെ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.