ഇത്തവണ ശിശുദിനം വേറിട്ട രീതിയിൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്. ശിശുദിനം കുട്ടികൾക്ക് വേണ്ടിയുള്ളതാണെങ്കിലും ഇത്തവണ വണ്ടർലായുടെ ഓഫർ മുതിർന്നവർക്ക് വേണ്ടിയുള്ളതാണ്. ശിശുദിനത്തിൽ കുട്ടികളുടെ വേഷം കെട്ടിയെത്തുന്ന മുതിർന്നവർക്കാണ് വണ്ടർലാ ആനുകൂല്യങ്ങൾ നൽകുന്നത്. ഇത്തരത്തിൽ എത്തുന്നവർക്ക് കുട്ടികളുടെ ടിക്കറ്റ് നിരക്കിലാണ് പാർക്കിലേക്കുള്ള പ്രവേശനം അനുവദിക്കുക.
ശിശുദിനത്തോടനുബന്ധിച്ച് നവംബർ 12 മുതൽ തന്നെ ഈ കുട്ടി ഓഫർ മുതിർന്നവർക്ക് ലഭിക്കും. നവംബർ 14 നാണ് ഓഫർ അവസാനിക്കുക. വണ്ടർലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ പാർക്കുകളിൽ ഈ ഓഫർ ലഭ്യമാണ്. സ്കൂൾ യൂണിഫോം ധരിച്ച് ബാഗ്, വെള്ളക്കുപ്പി, കോലുമുട്ടായി തുടങ്ങിയവയുമായി വണ്ടർലായിൽ എത്തുന്ന മുതിർന്നവർക്കാണ് കുട്ടികളുടെ ടിക്കറ്റ് ലഭിക്കുന്നത്. ഇത്തവണ വ്യത്യസ്ഥമായ ആനുകൂല്യം അവതരിപ്പിക്കുന്നതിനാൽ വൻ പ്രതീക്ഷയിലാണ് അധികൃതർ.