ദില്ലി: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ സ്‌റ്റേ ചെയ്തു സുപ്രീംകോടതി. പ്രതിയുടെ മനോനില പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് നടപടി.
വധശിക്ഷയ്‌ക്കെതിരേ പ്രചാരണം നടത്തുന്ന ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ പ്രൊജക്‌ട് 39എ-യുടെ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.
മുംബൈ യെര്‍വാദ ജയിലില്‍ കഴിയുന്ന താനെ സ്വദേശിയായ പ്രതി രാംകിരാത് മുന്നിലാല്‍ ഗൗഡിനെ സന്ദര്‍ശിച്ച് മനോനില വിലയിരുത്താന്‍ പ്രൊജക്‌ട് 39 എയിലെ സൈക്കോളജിസ്റ്റ് നൂറിയ അന്‍സാരിക്ക് കോടതി അനുമതി നല്‍കി.
സൈക്കോളജിസ്റ്റ് നൂറിയ അന്‍സാരിക്ക് പ്രതിയെ കണ്ട് വിശദമായ അഭിമുഖം സംഭാഷണം നടത്താം.പക്ഷേ,ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.പ്രതിയുടെ മനോനില പരിശോധിക്കുതിനായി പൂനെ സസൂണ്‍ ജനറല്‍ ആശുപത്രി പ്രത്യേക സംഘം രൂപീകരിക്കണമെന്നും എട്ട് ആഴ്ചയ്ക്കുള്ളില്‍ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.