മുംബൈ: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. തന്റെ മുത്തച്ഛനെ അപമാനിച്ചുവെന്ന് ആരോപിച്ച് സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജിത്ത് സവര്‍ക്കറും പരാതി നല്‍കിയിരുന്നു. ഐപിസി സെക്ഷന്‍ 500, 501 എന്നീ വകുപ്പുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് ചുത്തിയിരിക്കുന്നത്.വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അകോളയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിഡി സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിയ കത്ത് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് വീര്‍സവര്‍ക്കര്‍ ഒരു കത്തെഴുതി, ‘സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്’, എന്നെഴുതി ഒപ്പും ഇട്ടു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തില്‍ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരെ വഞ്ചിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനിയല്ലെന്ന രാഹുലിന്റെ അഭിപ്രായം തങ്ങള്‍ക്കില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറേ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് രാഹുലിന്റെ വാക്കുകള്‍. രാഹുല്‍ ഗാന്ധി നിര്‍ലജ്ജമായി സവര്‍ക്കറെ കുറിച്ച് നുണ പറയുകയാണെന്ന് മഹാരാഷ്ട് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് യാത്ര തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ രാഹുല്‍ വെല്ലുവിളിച്ചത്.