ശ്രദ്ധ കൊലക്കേസ്: അഫ്താബുമായി പോയ പൊലീസ് വാഹനത്തിന് നേരെ ആക്രമണം

ന്യൂഡല്‍ഹി: ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബുമായി പോയ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. ഡല്‍ഹി രോഹിണി ഫോറന്‍സിക് ലാബിന് മുന്നില്‍ വച്ചായിരുന്നു സംഭവം. വാളുമായി എത്തിയ രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. അതേസമയം, ശ്രദ്ധയെ വെട്ടിനുറുക്കാനുപയോഗിച്ച ആയുധം ഇന്നലെ പൊലീസ് കണ്ടെടുത്തു. അഫ്താബിന്റെ ഫ്ലാറ്റിൽ നിന്നും നേരത്തെയും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.

അഫ്താബ് പൂനാവാലയാണ് തന്റെ ലിവിങ്ങ് പങ്കാളിയായ ശ്രദ്ധയെ കൊന്ന് വെട്ടിനുറുക്കി മെഹ്‌റൗളി വനത്തിലുപേക്ഷിച്ചത്. വെട്ടിനുറുക്കുന്നതിന് മുമ്പ് ശ്രദ്ധയുടെ മോതിരം അഫ്താബ് ഊരിയെടുത്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. മോതിരം അഫ്താബ് പുതിയതായി പരിചയപ്പെട്ട പെണ്‍സുഹൃത്തിന് കൈമാറിയതായാണ് പൊലീസ് വിലയിരുത്തുന്നത്. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ്ങ് ആപ്പ് വഴിയാണ് പുതിയ സുഹൃത്തിനേയും പ്രതി പരിചയപ്പെടുന്നത്. ‘ബംബിള്‍’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്.

യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊല ചെയ്യപ്പെട്ട ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കവേയാണ് അഫ്താബ് പുതിയതായി പരിചയപ്പെട്ട യുവതിയുമായി വീട്ടില്‍ എത്തുന്നത്. 300 ലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ ഫ്രിഡ്ജ് പ്രതി ഇതിനായി വാങ്ങിയിരുന്നു. ഏകദേശം മൂന്നാഴ്ച്ചയോളം ശ്രദ്ധയുടെ ശരീരാവശിഷ്ടങ്ങള്‍ അഫ്താബ് മെഹറൗളിയിലുള്ള തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു.