സ്മാർട്ട്ഫോൺ വിപണിയെ കീഴടക്കാൻ മടക്കാവുന്ന ഫോണുമായി ഗൂഗിൾ എത്തുന്നു, അടുത്ത വർഷം പുറത്തിറക്കാൻ സാധ്യത

സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനൊരുങ്ങി സേർച്ച് എൻജിൻ ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്ഫോണാണ് വിപണിയിൽ പുറത്തിറക്കുക. അടുത്ത വർഷം മെയ് മാസത്തിൽ പുറത്തിറക്കാൻ പദ്ധതിയിടുന്ന ഈ സ്മാർട്ട്ഫോണിന്റെ വില ഏകദേശം 1,799 ഡോളറാണ് (ഏകദേശം 1.5 ലക്ഷം രൂപ) കണക്കാക്കുന്നത്. അതേസമയം, ഈ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

പ്രധാനമായും രണ്ട് കളർ വേരിയന്റിലാണ് ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങാൻ സാധ്യത. വെളുപ്പ്, കറുപ്പ് എന്നിവയാണ് കളർ വേരിയന്റുകൾ. ഡിസ്പ്ലേക്ക് 7.6 ഇഞ്ച് വലിപ്പമാണ് പ്രതീക്ഷിക്കുന്നത്. 120 ഹെട്സ് റിഫ്രഷ് റേറ്റും ഉണ്ടായേക്കും. മടക്കാവുന്ന ഫോണുകൾ അവതരിപ്പിക്കുമ്പോൾ ടാബുകൾക്കും ഫോർഡബിൾ ഫോണുകൾക്കുമായി ഗൂഗിൾ വികസിപ്പിച്ചു വരുന്ന പ്രത്യേക ആൻഡ്രോയിഡ് ഒസ് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

താഴെയും മുകളിലുമായി രണ്ട് സ്പീക്കറുകൾ നൽകാൻ സാധ്യതയുണ്ട്. ഫിംഗർപ്രിന്റ് റീഡർ പവർ ബട്ടണിൽ ഉൾപ്പെടുത്തിയേക്കും. ഈ സ്മാർട്ട്ഫോണുകൾക്ക് 9.5 മെഗാപിക്സൽ സെൽഫി ക്യാമറകളാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ചേരുന്ന ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ I/O യിൽ അവതരിപ്പിക്കാനാണ് സാധ്യത.