കോഴഞ്ചേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ പി.ഡി. സന്തോഷാണ് (43) പിടിയിലായത്. കോയിപ്രം പൊലീസാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ഏഴിനു രാവിലെയാണ് കേസിനാസ്പദമായ സംഭവം. പഠനാവശ്യത്തിനു പുറപ്പെട്ട പെൺകുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ണൂരിൽ നിന്നു കണ്ടെത്തുകയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സന്തോഷ്. ഇതു മറച്ചുവച്ച് പെൺകുട്ടിയുടെ ഫോട്ടോ നേരത്തെ കൈവശപ്പെടുത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയും വിവാഹവാഗ്ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇയാൾ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ നേരത്തെ ദേഹോപദ്രവ കേസിൽ പ്രതിയായിട്ടുണ്ടെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.