കൊച്ചി : കുട്ടികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ഈ വർഷത്തെ ട്രീ ലൈറ്റിംഗ് സെറിമണി സംഘടിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് നടന്ന പരിപാടിയിൽ പ്രശസ്ത സിനിമാതാരം അന്ന ബെൻ, കൊച്ചി ക്രസന്റ് ഗേൾസ് ഓർഫനേജിലെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. നമ്മുടെ കുട്ടികളെ ക്ഷേമത്തിനായി കൈകോർക്കാം എന്ന ലക്ഷ്യത്തോടെ നടത്തിയ ചടങ്ങിൽ കുട്ടികളുടെയും യുവജനങ്ങളുടെയും സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിന്റെ പ്രതീകാത്മകമായിട്ടായിരുന്നു ക്രിസ്മസ് ട്രീക്ക് തിരിതെളിയിച്ചത്.
കുട്ടികൾ നേരിടുന്ന ഏത് പ്രതിസന്ധി ഘട്ടങ്ങളും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും, അവരുടെ ക്ഷേമത്തിന് വേണ്ട പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും ജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു ട്രീ ലൈറ്റിംഗ് സെറിമണി.
ടോക് എച്ച് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ക്രിസ്മസ് കൊയറോടെയായിരുന്നു ആഘോഷ പരിപാടികൾ ആരംഭിച്ചത്. കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ കുട്ടികളും മുതിർന്നവരും ചേർന്ന് പൈൻകോണുകൾ, റീത്തുകൾ, പല നിറത്തിലുളള പന്തുകൾ, തോരണങ്ങൾ, ലൈറ്റുകൾ, ജിഞ്ചർബ്രെഡ് ഹൗസുകൾ തുടങ്ങിയവ ഉപയോഗിച്ച് അതി മനോഹരമായിട്ടായിരുന്നു ക്രിസ്മസ് ട്രീ അലങ്കരിച്ചത്. ക്രിസ്മസ് കാലത്തിന്റെ വരവറിയിച്ച് സാന്താക്ലോസ് കൂടി പ്രത്യക്ഷപ്പെട്ടത് ചടങ്ങിന് കൂടുതൽ മിഴിവേകി.
ക്രസന്റ് ഗേൾസ് ഓർഫനേജിലെ കുട്ടികളുടെ സാന്നിധ്യമായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം. കുട്ടികളുടേയും മുതിർന്നവരുടേയും ഉൾപ്പെടെ വിവിധ തരം വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള ഹോസ്പിറ്റാലിറ്റി ബ്രാൻഡ് എന്ന നിലയിൽ കുട്ടികളുടെ സുരക്ഷക്ക് വലിയ പ്രാധാന്യം നൽകി കൊണ്ടുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പരിപാടിയെന്ന് ക്രൗൺപ്ലാസ ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു. കുട്ടികൾക്ക് വേണ്ടി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള സന്ദേശമാണ് ട്രീ ലൈറ്റിംഗിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു