മമ്മൂട്ടി കമ്പനി നിർമ്മിച്ച് മമ്മൂട്ടി നായകനായി ജിയോ ബേബി സംവിധാനം ചെയ്ത
“കാതൽ The Core” വിപ്ലവകരമായ കാഴ്ചപ്പാടുകളെ ഒരു ഞെട്ടലോടെ കാണാൻ ഇടം നൽകുന്നു. സമൂഹത്തിൽ പ്രസക്തിയുള്ള എന്നാൽ മലയാളി പറയാൻ പേടിക്കുന്ന ഒരു വിഷയത്തെ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാൻ അവസരമൊരുക്കുന്നു.
മറ്റു നടന്മാർ ചെയ്യാൻ മടിക്കുന്ന വിപ്ലവകരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ തിരഞ്ഞെടുക്കാനും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മികവ് പുലർത്താനും എന്നും ആർത്തി കാണിക്കുന്ന നടനാണ് മമ്മൂട്ടി. മനുഷ്യന്റെ നിസ്സഹായാവസ്ഥകളെ വേദനകളെ കഥാപാത്രങ്ങളിലൂടെ പകർന്നാടി പ്രേക്ഷകന്റേതാക്കി കൂടെ കൂട്ടാനുള്ള മാന്ത്രികമായ ശക്തി മമ്മൂട്ടി എന്ന നടനെ വേറിട്ട് നിർത്തുന്നു.കൈകുമ്പിളിലെ വെള്ളമെന്നു തോന്നിക്കുമ്പോഴും അതൊരു മഹാ സമുദ്രമായി മാറുന്ന അത്ഭുതമാണ് മമ്മൂട്ടി.
മലയാളി ഇന്നേവരെ കാണാത്ത പ്രണയത്തിന്റെ തീവ്ര വികാരങ്ങളാണ് മാത്യുവും ഓമനയും.കാഴ്ചക്കാരന്റെ ഹൃദയത്തിലൊരു നോവായി മാറുകയാണ് മാത്യു ദേവസ്സി.ദൈവമേ എന്ന മാത്യു ദേവസ്സിയുടെ ആ വിളി അത് യഥാർത്ഥത്തിൽ വിളിച്ചത് പ്രേഷകരാണ്.സ്റ്റാർഡം നോക്കാതെ കോടികൾ വാരാമെന്ന മോഹമില്ലാതെ ഈ സിനിമ ഏറ്റെടുത്ത് ഇങ്ങനെയൊരു കഥാപാത്രത്തിന് ജീവൻ നല്കാൻ കാണിച്ച മമ്മൂട്ടിഎന്ന തന്റേടത്തിനോട് ബഹുമാനം തോന്നും.ഒപ്പം ഈ സിനിമ യാഥാർഥ്യമാക്കിയ ജിയോ ബേബി എന്ന സംവിധായകനോടും അതിനു കാരണക്കാരായ ആദർശ് സുകുമാരനോടും പോൾസൺ സ്കറിയയോടും. ഓമന എന്ന കഥാപാത്രത്തെ ഇത്രയും മനോഹരമായി അവതരിപ്പിച്ച ജ്യോതികയോടും.