ജഗദാദ്രി പൂജ കമ്മിറ്റിയില്‍ രണ്ട് സെക്രട്ടറിമാരുണ്ട് ഒരാള്‍ ഹിന്ദുവും മറ്റേയാള്‍ മുസ്ലീമും

പശ്ചിമബംഗാള്‍ : ജഗദാദ്രി പൂജയ്ക്കായി പശ്ചിമബംഗാളിലെ സിലിഗുറിയിൽ ഹിന്ദു – മുസ്ലീം യുവാക്കളുടെ അണിചേരൽ. പൂജ വിജയകരമാക്കാന്‍ തങ്ങളുടെ ഹിന്ദു സുഹൃത്തക്കളോടൊപ്പം മുസ്ലീം യുവാക്കളും കൈകോര്‍ത്തു.കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂജയില്‍ 20ലധികം മുസ്ലീം യുവാക്കള്‍ സജീവമായി പങ്കെടുത്ത് വരുന്നു.ജഗദാദ്രി പൂജ കമ്മിറ്റിയില്‍ രണ്ട് സെക്രട്ടറിമാരാണുള്ളത്. ഒരാള്‍ ഹിന്ദുവും മറ്റേയാള്‍ മുസ്ലീമുമാണ്. രണ്ട് സമുദായങ്ങളിലെയും അംഗങ്ങളും ഈ ആഘോഷത്തില്‍ പങ്കെടുക്കാറുണ്ടെന്ന് പ്രദേശിക നേതാക്കള്‍ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പ് താനും തന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് പൂജയ്ക്ക് മുന്‍കൈയെടുത്തത് എന്ന് കമ്മിറ്റിയിലെ അസിസ്റ്റന്റ് സെക്രട്ടറിയായ റുസ്തം ആലം പറയുന്നു.എന്റെ കുടുംബവും പൂജയില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ പൂജാ ദിവസങ്ങളില്‍ ഇവിടെയെത്താറുണ്ട്. ഇവിടുത്തെ മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. അപ്പോള്‍ ആഘോഷങ്ങളില്‍ മാത്രം എങ്ങനെ വിവേചനം കാണിക്കാനാകും? ജഗദാദ്രി പൂജയും ഈദും ഞങ്ങള്‍ ഒരുമിച്ചാണ് ആഘോഷിക്കുന്നതെന്നും ആലം പറഞ്ഞു.

ചിലര്‍ക്ക് മതപരമായ വ്യത്യാസമുണ്ട്. എന്നാല്‍ ബുദ്ധിയുള്ള ആളുകള്‍ അത്തരം വിവേചനങ്ങളില്‍ വിശ്വസിക്കുന്നില്ല. അതാണ് ബംഗാളിന്റെ സംസ്‌കാരം. ഇത്തരം വിവേചനങ്ങളില്‍ ഞാനോ എന്റെ ഹിന്ദു സഹോദരങ്ങളോ വിശ്വസിക്കുന്നില്ല,ആലം പറഞ്ഞു.ഇരു സമുദായങ്ങളില്‍ നിന്നുമുള്ള കമ്മിറ്റി അംഗങ്ങള്‍ നൽകിയ സംഭാവനകളുൾപ്പെടെ ഏകദേശം 6 ലക്ഷം രൂപയോട് അടുത്താണ് ഈ വര്‍ഷത്തെ പൂജാ ബജറ്റ്.