അബിഗേലിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി

കൊല്ലം: കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസും നാട്ടുകാരും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലുൾപ്പെടെ സംസ്ഥാനത്തൊട്ടാകെയും നടത്തിയ വിശദമായ പരിശോധനയിലൊന്നും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഇന്നലെ വൈകീട്ട് 4:20 ഓടെ ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ 10 മണിക്കകം 10 ലക്ഷം രൂപ തയ്യാറാക്കി വയ്ക്കണമെന്നാവശ്യപ്പെട്ട് സംഘം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചിരുന്നു.പാരിപ്പള്ളിയിലെ ഒരു കടയിലെത്തിയ സംഘം കടയുടമയുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ഇതുവരെ കുട്ടിയെ ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല.കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി സ്പർജ്ജൻ കുമാർ വ്യക്തമാക്കി.സിസിടിവി ദൃശ്യങ്ങളും സൈബർ വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നതായും ആദ്യം ലഭിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നും രണ്ടാമത്തെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് പരിശോധന നടക്കുകയാണെന്നും. സ്വിഫ്റ്റ് കാറാണെന്നും ദക്ഷിണ മേഖല ഐജി സ്പർജ്ജൻ കുമാർ അറിയിച്ചു.

ഒരു പേപ്പർ അമ്മയ്ക്ക് നൽകാനാണെന്ന് പറഞ്ഞാണ് അവർ വന്നത്. അപ്പോൾ അവർ ഞങ്ങൾ പിടിച്ച് വലിക്കുകയായിരുന്നു, എന്റെ കൈയ്യിൽ ഒരു വടിയുണ്ടായിരുന്നു. അതുകൊണ്ട് അടിച്ചിട്ടും എന്നെ വിട്ടില്ല. എന്നെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും മാസ്ക് ധരിച്ചിരുന്നു. ഒരു പെണ്ണും മൂന്ന് ആണുങ്ങളായിരുന്നു കാറിലുണ്ടായിരുന്നതെന്നും കാണാതായ കുട്ടിയുടെ സഹോദരൻ ആബേൽ പറഞ്ഞു.