ആർക്കിയൻ കെമിക്കൽ ഐപിഒ നവംബർ 9 മുതൽ

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി പ്രമുഖ സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ ആർക്കിയൻ കെമിക്കൽ. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 9 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ നവംബർ 11 ന് സമാപിക്കും. പുതിയ ഓഹരികളുടെ വിൽപ്പനയും, ഓഫർ ഫോർ സെയിലുമാണ് ഇത്തവണ നടക്കുക. ഓഫർ ഫോർ സെയിലിലൂടെ 657.31 കോടി രൂപയുടെ ഓഹരികൾ വിൽക്കാനാണ് പദ്ധതിയിടുന്നത്. ഐപിഒയിലൂടെ 1,462.31 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
386 രൂപ മുതൽ 407 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു ലോട്ടിൽ 36 ഓഹരികളാണ് ഉള്ളത്. കൂടാതെ, പരമാവധി 17 ലോട്ടുകൾക്ക് വരെ റീട്ടെയിൽ നിക്ഷേപകർക്ക് അപേക്ഷിക്കാൻ സാധിക്കും. നിലവിൽ, ഓഹരി വിപണിയിൽ നവംബർ 21 ലിസ്റ്റ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
ബ്രോമിൻ, വ്യാവസായിക ഉപ്പ്, പൊട്ടാഷ് എന്നിവ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ മുൻനിര സ്പെഷ്യാലിറ്റി മറൈൻ കെമിക്കൽസ് നിർമ്മാതാക്കൾ കൂടിയാണ് ആർക്കിയൻ കെമിക്കൽ. ഗുജറാത്തിലെ ഹാജിപീറിലാണ് കമ്പനിയുടെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്.