സിനിമാ മേഖലയില്‍ വിഹിതം 17 കോടി; കലാകാരന്മാര്‍ക്ക് 13 കോടിയുടെ ഫെല്ലോഷിപ്പ്

സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്‌ഫോം നിര്‍മാണം, സിനിമാ നിര്‍മാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി.സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാടകോത്സവത്തിന് ധനസഹായമായി ഒരു കോടി രൂപ നല്‍കും. കേരള സാഹിത്യ അക്കാദമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിന് 1 കോടി രൂപ നല്‍കും. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിക്ക് അധികമായി 15 ലക്ഷം അനുവദിച്ചു.ചെമ്പഴന്തിയിലെ ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന് 35 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു. കായിക യുവജനക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 135 കോടി വകയിരുത്തിയെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.