മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും സഹോദരന്റെ മകനും തമ്മിലുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത 32കാരനെ വെടിവച്ച് കൊന്നു.മീററ്റിലെ സരൂർപൂർ പ്രദേശത്തെ റിതാലി വനത്തിൽ വ്യാഴാഴ്‌ചയാണ് വെടിവെച്ചു കൊന്നത്.ശനിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.ഭാര്യയും സഹോദരന്റെ മകനും കാമുകനുമായ 20കാരനും ചേർന്നായിരുന്നു സന്ദീപിനെ വെടിവച്ച് കൊന്നത്.
മിക്കപ്പോഴും ജോണി സന്ദീപിന്റെ വീട്ടിൽ വരാറുണ്ട് .ഇതിനിടയിലാണ് പ്രീതിയും സന്ദീപിന്റെ സഹോദരന്റെ മകനായ ജോണിയുമായി അടുപ്പത്തിലാകുന്നത് . ഇത് കണ്ടു പിടിച്ച സന്ദീപ് ശക്തമായി എതിർക്കുകയും വഴക്കിടുകയും ചെയ്തു. ഇതോടെ ഇരുവരും ചേർന്ന് സന്ദീപിനെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു.അടുത്തുള്ള റിതാലി വനമേഖലയിൽ വച്ച് പ്രീതിയും ജോണിയും ചേർന്ന് സന്ദീപിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അധികൃതർ പറയുന്നു.
സന്ദീപിനെ കാണാതായതിൽ വ്യാഴാഴ്ച ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പിന്നാലെ പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സന്ദീപിന് നാട്ടിൽ ശത്രുക്കൾ ആരുമില്ലെന്ന് കണ്ടെത്തിയ പോലീസ് കുടുംബാംഗങ്ങളുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ പ്രീതിയും ജോണിയും തമ്മിലുള്ള ഫോൺകോൾ വിവരങ്ങൾ കണ്ടെത്തി.
അന്വേഷണസംഘം പ്രീതിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും താൻ ഒറ്റയ്ക്കല്ല കൃത്യം ചെയ്തതെന്നും കാമുകനായ ജോണിയും ഒപ്പമുണ്ടായിരുന്നുവെന്നും ഇവർ പോലീസിന് മൊഴി നൽകി.സംഭവത്തിൽ 28കാരിയായ ഭാര്യ പ്രീതിയെയും സന്ദീപിന്റെ സഹോദരന്റെ മകൻ ജോണിയെയും പോലീസ് അറസ്റ്റ് ചെയ്തു.