സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് പറയുന്നവർ ആദ്യം എഡിറ്റിങ്ങിനെ കുറിച്ച് പഠിക്കണം: അഞ്ജലി മേനോൻ

സിനിമ ഉണ്ടാക്കുന്ന പ്രോസസ് പഠിച്ച ശേഷമേ സിനിമയെ കുറിച്ച് വിമർശിക്കാവൂ എന്ന് സംവിധായിക അഞ്ജലി മേനോൻ. ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച മനസിലാക്കിയിട്ട് വേണം ഒരു സിനിമയെ വിമർശിക്കാനെന്നും സംവിധായിക പറഞ്ഞു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായിക.

ഒരു സിനിമ കണ്ട് മുഴുവനാക്കുന്നതിന് മുൻപ് സോഷ്യൽ മീഡിയകളിൽ ആ സിനിമയെ കുറിച്ച് കമന്റുകൾ പറയുന്നതും, എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാതെ ലാഗ് ആണെന്ന് പറയുന്നതും നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും അഞ്ജലി മേനോൻ പറയുന്നു. നിരൂപകർ അതിന്റെ പ്രോസസിനെ കുറിച്ച് പഠിച്ച് മനസിലാക്കിയ ശേഷം റിവ്യൂ എഴുതുന്നതാണ് ശരിയെന്നാണ് അഞ്ജലിയുടെ പക്ഷം.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമൺ’ നവംബർ 18ന് സോണി ലിവിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. നദിയ മൊയ്തു, നിത്യ മേനന്‍(നോറ), പാര്‍വ്വതി തിരുവോത്ത്(മിനി), പത്മപ്രിയ(വേണി), സയനോര ഫിലിപ്പ്(സയ), അര്‍ച്ചന പത്മിനി(ഗ്രേസി), അമൃത സുഭാഷ്(ജയ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇം​ഗ്ലീഷിലാണ് ചിത്രം എത്തുന്നതെന്നത് വണ്ടർ വുമണിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ആര്‍എസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളിലാണ് വണ്ടര്‍ വുമണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.