ഖത്തർ ലോകകപ്പ്: അര്‍ജന്‍റീന-യുഎഇ പരിശീലന മത്സരം ഇന്ന്, മത്സരം തത്സമയം കാണാൻ!

അബുദാബി: ഖത്തർ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ മെസിയുടെ അര്‍ജന്‍റീന ഇന്നിറങ്ങും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇ ആണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. ഖത്തർ ലോകകപ്പില്‍ 22നാണ് അർജന്റീനയുടെ ആദ്യ മത്സരം. സൗദി അറേബ്യയാണ് എതിരാളികള്‍. സെപ്റ്റംബറില്‍ സൗഹൃദ മത്സരത്തില്‍ ജമൈക്കയെ 3-0ന് തോല്‍പ്പിച്ചശേഷം അര്‍ജന്‍റീന ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്.

തുടര്‍ച്ചയായി 35 ജയങ്ങളുടെ പെരുമയുമായി എത്തുന്ന അര്‍ജന്‍റീനക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുഎഇക്ക് കഴിയുമോ എന്ന് കണ്ടറിയണം. 2019ല്‍ ബ്രസീലിനെതിരെയായിരുന്നു അര്‍ജന്‍റീനയുടെ അവസാന തോല്‍വി. ലോകകപ്പിന് യോഗ്യത നേടാതിരുന്ന യുഎഇയാകട്ടെ ഗള്‍ഫ് കപ്പ് നേഷന്‍സിന്‍റെ തയ്യാറെടുപ്പിന്‍റെ ഭാഗമയാണ് അര്‍ജന്‍റീനക്കെതിരെ ഇറങ്ങുന്നത്.
ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണമില്ല. യുഎസില്‍ മാത്രമാണ് മത്സരം സംപ്രേഷണം ചെയ്യുക. യുഎസില്‍ fuboTV, TUDN website/App എന്നിവയില്‍ മത്സരം കാണാം. അബുദാബിയിലെ മുഹമ്മദ് ബിന്‍ സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് മത്സരം തുടങ്ങുക. അര്‍ജന്‍റീന ടീമില്‍ ജിയോവനി ലോ സെൽസോയ്ക്ക് പകരം ആര് ടീമിലെത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.