കശ്മീര്‍ ഫയല്‍സിന്റെ സത്യം ചിലരുടെ തൊണ്ടയില്‍ മുള്ളു പോലെ കുടുങ്ങി, അത് വിഴുങ്ങാനോ തുപ്പാനോ കഴിയില്ല! അനുപം ഖേര്‍

‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും അശ്ലീലമാണെന്നും അധിക്ഷേപിച്ച ഇസ്രായേല്‍ സംവിധായകന്‍ നാദവ് ലാപിഡിന് മറുപടിയുമായി നടന്‍ അനുപം ഖേര്‍. ‘കശ്മീര്‍ ഫയല്‍സിന്റെ സത്യം ചിലരുടെ തൊണ്ടയില്‍ മുള്ളു പോലെ കുടുങ്ങി. അവര്‍ക്ക് അത് വിഴുങ്ങാനോ തുപ്പാനോ കഴിയില്ല! സത്യം തെറ്റാണെന്ന് തെളിയിക്കാന്‍ അവര്‍ തീവ്രമായി ശ്രമിക്കുന്നു’-വെന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേര്‍ വിമർശിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

അനുപം ഖേറിന്റെ വാക്കുകൾ ഇങ്ങനെ,

‘കശ്മീര്‍ ഫയല്‍സിന്റെ സത്യം ചിലരുടെ തൊണ്ടയില്‍ മുള്ളു പോലെ കുടുങ്ങി. അവര്‍ക്ക് അത് വിഴുങ്ങാനോ തുപ്പാനോ കഴിയില്ല! സത്യം തെറ്റാണെന്ന് തെളിയിക്കാന്‍ അവര്‍ തീവ്രമായി ശ്രമിക്കുന്നു. എന്നാല്‍ ഈ സിനിമ ഇപ്പോള്‍ വെറും ഒരു സിനിമയല്ല, ഒരു പ്രസ്ഥാനമാണ്. ചില ആളുകള്‍ക്ക് സത്യം പറയുന്നത് ശീലമില്ല. കശ്മീരില്‍ സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളെ അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഈ കഥ പറയുകയാണെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളെ പൊതിഞ്ഞുവെച്ചുകൊണ്ട് സാനിറ്റൈസ് ചെയ്ത് അവതരിപ്പക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി അവര്‍ ചെയ്യുന്നതും അതു തന്നെയാണ്. എന്നാല്‍, ഒരു വിട്ടുവീഴ്ചയുമില്ലാതെ മുഴുവന്‍ സത്യവും കശ്മീര്‍ ഫയല്‍സ് തുറന്നു പറഞ്ഞത് അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു’.

‘നിങ്ങള്‍ക്ക് നഗ്നവും പരുഷവുമായ സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ ചൂഴ്ന്ന് എടുത്തു കൊള്ളണം. നിങ്ങളുടെ വായ തുന്നിക്കെട്ടണം. സത്യം പറയുന്നതിനെ പരിഹസിക്കുന്നത് നിര്‍ത്തൂ. കാരണം, ഈ സത്യത്തെ മാനിക്കാന്‍ ഇവിടെ ധാരാളം പേരുണ്ട്. ഇവിടെയുള്ളവരുടെ ഭാര്യമാരും പെണ്‍മക്കളും അത് അനുഭവിച്ചിട്ടുണ്ട്. ഈ സത്യം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യയും ഇസ്രായേലും സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളും ഭീകരതയെ അതിജീവിച്ചു. ഒരു സാധാരണ ഇസ്രയേല്‍ പൗരന് ഒരു കാശ്മീരി ഹിന്ദുവിന്റെ ദയനീയാവസ്ഥ മനസ്സിലാകും. ഓരോ രാജ്യത്തും രാജ്യദ്രോഹികളുണ്ട്, അതും ഒരു സത്യമാണ്’ – അനുപം ഖേര്‍ പറഞ്ഞു.